ദ്വാപരയുഗാവസാനത്തിൽ ലോകാനുഗ്രഹത്തിനായി കൈാലാസത്തിൽ നിന്നും തെക്കോട്ടു യാത്ര തിരിച്ച ശിവ–ചൈതന്യം ആര്യാവർത്തവും ദക്ഷിണാപഥവും പിന്നിട്ട് ഇവിടെ എത്തുകയും ത്രിഗുണങ്ങൾ ഒത്തുചേർന്നു കാണുകയാൽ രാഹുദർശനം സിദ്ധിച്ച് പ്രകൃതി രമണീയവും സർപ്പകാവുകളാൽ അലംകൃതവും ജല ധന സമൃദ്ധവുമായ ഇന്ന് തിച്ചൂർ എന്ന് അറിയപ്പെടുന്ന ഇൗ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നിലയുറപ്പിക്കുകയുണ്ടായി. ഏകദേശം 2200 വർഷങ്ങൾക്ക് മുൻപ് ഭക്തജനങ്ങൾക്ക് ദർശനം നൽകാനാഗ്രഹിച്ച് തന്റെ അനുചരന്മാരിൽ ഒരാളെ ആദിവാസിയായി ജനിപ്പിച്ചു. അയാൾ ആയുധം മൂർച്ച കൂട്ടിയ ഒരു കല്ലിൽ നിന്നും രക്തം പ്രവഹിക്കുന്നതുകണ്ട് പരിഭ്രമിച്ച് 22 1/2 ദേശം ഒാടി. ഇൗ അത്ഭുത വാർത്ത ജനങ്ങളെ അറിയിച്ചശേഷം ദേഹം വെടിഞ്ഞു. എന്നാൽ ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് സ്വയംഭൂവായ ധർമശാസ്താവിന്റെ ഇന്നുകാണുന്ന ക്ഷേത്രത്തിന് രൂപം നൽകപ്പെട്ടത്. ഇൗ ഗ്രാമത്തിന്റെയും ഇൗ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റു 22 1/2 ദേശങ്ങളുടേയും അധിപനും സംരക്ഷകനുമായി നിലകൊള്ളുന്ന ധർമ്മശാസ്താ സ്വരൂപം മണ്ണിൽ നിന്നും മുളച്ചുവന്ന ഒരു കരിങ്കൽ രൂപമാണ്. ഇൗ രൂപത്തിന്റെ ഒരു വശം അല്പം മുറിഞ്ഞ നിലയിൽ കാണപ്പെടുന്നു. ഇൗ ഭാഗത്താണ് നാം കേട്ടറിയുന്ന ദളിത ഭക്തൻ ആയുധത്തിന് മൂർച്ച കൂട്ടിയത്. ചോര കണ്ട് ഭയന്നോടിയ അദ്ദേഹം മുണ്ടായ, ദേശമംഗലം, കൊണ്ടയൂർ, വരവൂർ, തലശ്ശേരി തുടങ്ങി ഇരുപത്തിരണ്ടര ദേശം ഒാടി ഇന്ന് നിലവിലുള്ള ക്ഷേത്രകുളത്തിന്റെ കരയിൽ വീണ് ചരമം പ്രാപിക്കുകയാണുണ്ടായത്. ഇൗ ഗ്രാമത്തിൽ ഇന്നു നിലവിലുള്ള എല്ലാ തറവാടുകളും, ബ്രാഹ്മണ അമ്പലവാസി വിശ്വകർമ്മ– കുടുംബങ്ങളും ക്ഷേത്ര ആവശ്യങ്ങൾക്കായി ഇവിടെ പാർപ്പിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇൗ ഗ്രാമത്തിലെ ഭൂസ്വത്തുക്കളെല്ലാംതന്നെ ശ്രീധർമ്മ ശാസ്താവിന്റെ ഭൂസ്വത്തുക്കളായതുകൊണ്ട് എല്ലാവരും ക്ഷേത്ര നടത്തിപ്പിനായി ഇന്നും ഒരു ചെറിയ വിഹിതം കൊടുത്തുകൊണ്ടിരിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെടുന്ന എല്ലാ കുടുംബങ്ങളുടെയും അഭിവൃദ്ധിയും കുടുംബാംഗങ്ങളുടെ സംരക്ഷണവും ദേവൻ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നാണ് ജനവിശ്വാസം